സില്‍വര്‍ ജൂബിലി സമര്‍പ്പിത ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടത്തിന്റെയും, ക്രിസ്തുവിനെ നാം സ്വന്തമാക്കിയതിന്റെയും ക്രിസ്തു നമ്മെ സ്വന്തമാക്കിയതിന്റെയും ഒരു ദിവ്യാനുഭവം
2014 നവംബര്‍ 21 ന് സമര്‍പ്പിത വര്‍ഷം ഉദ്ഘാടനം ചെയ്തുകൊണ്ട് പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പ ഇങ്ങനെ പ്രസ്താവിച്ചു: ‘എവിടെ സന്യാസികളും, സമര്പ്പിതരുമുണ്ടോ അവിടെ വലിയ സന്തോഷമുണ്ട്.’ പരിശുദ്ധ പിതാവിന്റെ ഈ പ്രസ്താവന സന്യാസികളും സമര്‍പ്പിതരുമായ നമ്മെ സന്തോഷഭരിതരും ആനന്ദ ഭരിതരുമാക്കുന്നു.
സില്‍വര്‍ ജൂബിലി, സമര്‍പ്പിതരുടെ കഴിഞ്ഞകാല ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണ്, എത്തിനോട്ടമാണ് – ഭൂത, വര്‍ത്തമാന, ഭാവികാലങ്ങളിലേക്കുള്ള ഒരു സമര്‍പ്പിത ജീവിതത്തിന്റെ തിരിഞ്ഞുനോട്ടം. കൂടുതല്‍ വിശൂദ്ധീകരിക്കപ്പെടുവാനും, തിരുത്തലുകള്‍ക്ക് വിധേയരാകുവാനും, പുത്തന്‍ ഉണര്‍വ്വിന്റെ ഉണര്‍ത്തുപാട്ടായി ഒരു പുതുപുത്തന്‍ ആരംഭം കുറിക്കുന്ന കാലഘട്ടമാണ് – ജൂബിലി വര്‍ഷം. കുറവുകള്‍ പരിഹരിച്ച്, കുറവുകളെ നിറവുകളാക്കാനുള്ള പുണ്യജീവിതത്തിനുള്ള ഒരു സുവര്‍ണ്ണാവസരം. ചുരുക്കത്തില്‍ ഒരു സന്യാസിയുടെയോ, സമര്പ്പിതന്റെയോ ജീവിതത്തിന്റെ 4 ദിശകളിലേക്കുള്ള, 4 ദിക്കുകളിലേക്കുള്ള ഒരു എത്തിനോട്ടം – മുകളിലേക്കും, താഴോട്ടും, മുമ്പോട്ടും, പിറകിലോട്ടും.
വീണ്ടും പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പ പറയുന്നതുപോലെ ജൂബിലി ഭൂതകാലത്തെക്കുറിച്ച് നന്ദിയോടെ ഓര്‍ക്കാനും, വര്‍ത്തമാനകാലത്തെ ആവേശത്തോടെ ജീവിക്കാനും, ഭാവിയിലേക്ക് ആത്മവിശ്വാസത്തോടെ ഉറ്റ് നോക്കാനുള്ള സുവര്‍ണ്ണാവസരമാണ്. 2015 ജൂണ്‍ 27ന് ബഹു. ചാക്കോ അച്ചന്റെ സന്ന്യാസ വ്രതവാഗ്ദാനത്തിന്റെ 50-ാം വാര്‍ഷികത്തിന്റെയും, ടോമി അച്ചന്റെയും, കുരുവിള അച്ചന്റെയും എന്റെയും സന്ന്യാസ വ്രതവാഗ്ദാനത്തിന്റെ 25-ാം വാര്‍ഷികത്തിന്റെയും പരിസമാപ്തിയും പരിശുദ്ധ നിത്യസഹായ മാതാവിനെ റിഡംപ്റ്റിറിസ്റ്റ് വൈദികരാല്‍ ലോകത്തിന് നല്കപ്പെട്ടതിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ആരംഭവും കുറിച്ചപ്പോള്‍, സില്‍വര്‍ ജൂബിലിയില്‍ ക്രിസ്തുവിനെ സ്വന്തമാക്കിയതിന്റെയും ക്രിസ്തുവിനാല്‍ സ്വന്തമാക്കപ്പെട്ടതിന്റെയും ദിവ്യാനുഭവങ്ങള്, പരിശുദ്ധ നിത്യസഹായമാതാവിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളില്‍, പരിശുദ്ധ അമ്മയുടെ കരങ്ങള്‍ പിടിച്ചുകൊണ്ടായിരുന്നു എന്നുളളത് ഏറെ ചാരിതാര്‍ത്ഥ്യം നല്‍കുന്നതായിരുന്നു.