സ്വര്‍ഗ്ഗത്തിലെ വിശേഷങ്ങള്‍

1478
52380

2014 മെയ് 29 മുതല്‍ സ്വര്‍ഗ്ഗത്തിലെ മാലാഖമാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി. ദൈവത്തോടുചേര്‍ന്നിരുന്ന് ദൈവത്തെ സ്‌നേഹിക്കാനും, സ്തുതിക്കുവാനും പുതിയതായി 9 മാലഖമാര്‍കൂടി സ്വര്‍ഗ്ഗത്തില്‍ എത്തി. അതെ, ഞങ്ങളുടെ നോവിഷേറ്റ് ജീവിതത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ തോന്നുക, അരക്കച്ച അരയോടു ചേര്‍ന്നിരിക്കുന്നതുപോലെ ദൈവത്തോട് ചേര്‍ന്നിരുന്ന് ഒരു നവവൃന്ദം മാലാഖമാരെപ്പോലെ ദൈവത്തെ സ്‌നേഹിച്ച്, സ്തുതിച്ച് ദൈവത്തോടുകൂടെയായിരിക്കാന്‍ ദൈവം തന്ന ഒരു വലിയ സമ്മാനമായിരുന്നു ഈ കഴിഞ്ഞ 365 ദിവസത്തെ ഞങ്ങളുടെ നോവിഷേറ്റ് ജീവിതം. ദിവരക്ഷകസഭയുടെ നിയമാവലികള്‍ പറയുന്നതുപോലെ ഞങ്ങളുടെ ദൈവവിളിയെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുവാനും ദിവ്യരക്ഷക സഭയേയും സഭയുടെ ദൗത്യത്തെയും മനസിലാക്കാന്‍ ഈ കഴിഞ്ഞ വര്‍ഷം ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ഒരു ദിവസത്തിന്റെ പ്രഭാതം മുതല്‍ പ്രദോഷം വരെ കൂടുതല്‍ സമയം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ച്, പ്രാര്‍ത്ഥനയുടെ സ്വാദ് രുചിച്ചറിയുവാനും, ഓരോ പ്രാര്‍ത്ഥനയുടെയും അര്‍ത്ഥം മനസിലാക്കി ചൊല്ലുവാനും ഈ കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ക്ക് സാധിച്ചു. അതുപോലെ, തന്നെക്കാള്‍ അധികം തന്റെ നോവിസസ് വളരണമെന്നും നല്ല ദിവ്യരക്ഷകവൈദീകരായി ദിവ്യരക്ഷകനെ അനുകരിക്കുന്നവരാകണമെന്നും ആഗ്രഹിച്ച് ഞങ്ങളെ വളര്‍ത്തിയ ടോണി കട്ടക്കയം അച്ചനെയും, ചാക്കോ പേന്നാനത്ത് അച്ചനെയും ഞങ്ങള്‍ക്ക് ഒരിക്കലും മറക്കുവാന്‍ സാധിക്കില്ല. ഞങ്ങളില്‍ ഉറങ്ങികിടന്നിരുന്ന ഓരോകഴിവുകളെയും ഉണര്‍ത്തി അതിനെ വളര്‍ത്തുവാന്‍ ഇവര്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ ഇപ്പോള്‍ എന്തായിരിക്കുന്നുവോ അതെല്ലാം ഞങ്ങളുടെ സ്‌നേഹം നിറഞ്ഞ വൈദികരുടെ കഷ്ടപാടിന്റെ ഫലമാണ്.

അതുപോലെതന്നെ സമര്‍പ്പിത ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആരാണ് യഥാര്‍ത്ഥ സമര്‍പ്പിതന്‍, എന്താണ് സമര്‍പ്പിത ജീവിതമെന്ന് മനസിലാക്കാന്‍ ഓരോ വൈദീകരുടെയെും ജീവിതം ഞങ്ങള്‍ക്ക് ഒരു തുറന്ന പുസ്തകമായിരുന്നു. ഒരു വര്‍ഷത്തിനിടയില്‍ ധാരാളം ക്ലാസുകളിലുടെ നമ്മുടെ വൈദീകര്‍ ധാരാളം അറിവു പകര്‍ന്നുതന്ന് സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ ഞങ്ങളെ ഒരുക്കി. നോവിഷേറ്റ് ജിവിതത്തിനിടയില്‍ ഞങ്ങളുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും ഒരുമിച്ച് കൂട്ടിയത് ഒത്തിരിയേറെ സന്തോഷം പകരുന്ന നിമിഷങ്ങളായിരു ന്നു. ദിവ്യരക്ഷക സഭയിലേക്ക് കടന്നുവരുന്നവരെപ്പറ്റി വി. അല്‍ഫോന്‍സ് ലിഗോരിക്കുണ്ടായിരുന്ന കാഴ്ചപ്പാട് പോലെ, ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ജോലികള്‍ ചെയ്യുക മാത്രമാകാതെ പ്രത്യുത സമ്പൂര്‍ണ്ണമായ അനുസരണത്തിലൂടെയും സമര്‍പ്പണത്തിലൂടെയും സുവിശേഷത്തിലെ രക്ഷകന്റെ ഏറ്റവും അടുത്തായിരിക്കുവാനായി ഞങ്ങളെതന്നെ ഈ വര്‍ഷവും ഒരുക്കുവാന്‍ സാധിച്ചു. സഭ ഈ വര്‍ഷം സമര്‍പ്പിത വര്‍ഷമായി ആചരിക്കുമ്പോള്‍ സമര്‍പ്പിത ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുവാന്‍ ദൈവം ഞങ്ങളെ അനുഗ്രഹിച്ചതിന് ഒരായിരം നന്ദി……….

‘ശക്തനായവന്‍ എനിക്ക് വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു
അവിടുത്തെ നാമം പരിശുദ്ധമാണ് ‘ ലൂക്ക 1 : 49പ

Bro. Jojo Jose Puthussery C.S.S.R.

Print Friendly, PDF & Email