2016 ആഗസ്റ്റ് 14-20 തിയ്യതികളില്‍ സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ കണ്ണൂര്‍ പരിയാരത്തുള്ള സെന്റ് ജോസഫ്സ് പ്രോവിന്ഷ്യല് ഹൗസില്‍വച്ച് ഒരു ധ്യാനം നടത്തപ്പെട്ടു. റിഡംപ്റ്ററിസ്റ്റ് സമൂഹത്തിലെ അംഗമായ റവ. ഫാ. ടോണി കട്ടക്കയം ആണ് ധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്.
സമര്‍പ്പിത ജീവിതം നയിക്കുന്ന സഹോദരിമാര്‍ക്കു വേണ്ടി മാത്രമായി നടത്തിയ ഒരു ധ്യാനം എന്ന നിലയില്‍ ഇത് സമര്‍പ്പിത വിളിയേക്കുറിച്ചും ദൗത്യത്തേക്കുറിച്ചും ആഴത്തില്‍ ചിന്തിക്കുവാനും ബോധ്യങ്ങള്‍ ഉള്‍ക്കൊള്ളുവാനും ഏറെ പര്യാപ്തമായിരുന്നു. വചനാധിഷ്ഠിതമായ ഒരു ധ്യാനമെന്ന നിലയില്‍ ഓരോ തലങ്ങളിലും തിരുവചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്, പറയുന്ന ഓരോ കാര്യവും സ്ഥിരീകരിക്കുകയും ചെയ്യുന്നതില്‍ അച്ചന് ഏറെ വിജയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഏവര്‍ക്കും തങ്ങളുടെ ജീവിതത്തേയും ജീവിതാനുഭവങ്ങളേയുമെല്ലാം ഈശോയുടെ ജീവിതവുമായി തട്ടിച്ചുനോക്കാനും ഒരു വിലയിരുത്തല്‍ നടത്താനും ഇത് ഏറെ സഹായകമായിരുന്നു. വ്രതബദ്ധജീവിതത്തിന് ഏറെ ഊന്നല്‍ നല്‍കികൊണ്ട് ഓരോ വ്രതങ്ങളുടേയും അര്‍ത്ഥവും ആഴവും വി. ഗ്രന്ഥ അടിസ്ഥാനവും കൃത്യമായി വരച്ചുകാട്ടിത്തന്നുകൊണ്ട് ഒരു പുനര്‍ വിചിന്തനത്തിലേയ്ക്കും ജീവിത നവീകരണത്തിലേയ്ക്കുമാണ് ഈ ധ്യാനം നമ്മെ നയിച്ചത്. ഏതൊരു സമര്‍പ്പിതയെ സംബന്ധിച്ചും ജീവിതഗന്ധിയായ ഒരു ധ്യാനം എന്നു വേണം ഇതേക്കുറിച്ചു പറയാന്‍. ഈ ധ്യാനത്തില്‍ സംബന്ധിക്കുന്ന ഏതൊരാള്‍ക്കും ഈശോയോടുകൂടെ നടക്കാനും ജീവിതത്തിലെ ഏത് തിക്താനുഭവങ്ങളിലും ദൈവകരം ദര്‍ശിക്കുവാനും, വചനവെളിച്ചത്തില്‍ ജീവിതത്തെ വിലയിരുത്തി കുറവുകളെ പരിഹരിച്ച് മുന്നേറുവാനും വലിയ പ്രചോദനം ഇത് പ്രദാനം ചെയ്യും. ഏതൊരു വ്യക്തിക്കും പരി. അമ്മയോടുള്ള സ്നേഹത്തില്‍ ഒരു പടികൂടി വളരാന്‍ ഈ ധ്യാനം സഹായിക്കും എന്നതില്‍ തെല്ലും സംശയമില്ല. പരിചയമുള്ള കാര്യങ്ങള്‍ പുതുമയോടെ അവതരിപ്പിക്കാനും, ശ്രവിക്കുന്നവരുടെ ഹൃദയങ്ങളില്‍ ചലനം സൃഷ്ടിക്കാനും, വ്യക്തമായ തീരുമാനങ്ങളിലേയ്ക്ക് നയിക്കാനും കഴിഞ്ഞു എന്നതാണ് ഇവിടെ ധ്യാനഗുരുവിന്റെ വിജയമായി കണ്ടത്. സന്ദര്ഭോജിതമായി വിഷയം അവതരിപ്പിക്കാനുള്ള കഴിവും, നര്‍മ്മബോധവും, ആശയവിനിമയ രീതികളും ആരേയും ഒഴിവാക്കാതെ എല്ലാവരിലും എത്തിനില്‍ക്കുന്ന ശ്രദ്ധയും, ജീവിതഗന്ധിയായ അനുഭവസാക്ഷ്യങ്ങളും, ഉദാഹരണങ്ങളുമെല്ലാം ഈ ധ്യാനമാകുന്ന തൂവാലയില്‍ കാണുന്ന ചാരുതയാര്‍ന്ന ചിത്രപ്പണികളാണ്. ഇനിയും ടോണിയച്ചനെ ശ്രവിക്കുന്ന അനേകര്‍ക്ക് അച്ചനൊരു അനുഗ്രഹമായി മാറട്ടെ എന്ന് ആശംസ്സിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.